കൗമാ പ്രാർത്ഥന (തുടക്ക പ്രാർത്ഥന)
പിതാവിനും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതി.
ആദിയും അന്തവുമില്ലാതെ എന്നേക്കും തന്നേ. ആമേൻ. ബലഹീനരും പാപികളുമായ ഞങ്ങളുടെമേൽ കരുണയും അനുഗ്രഹങ്ങളും ഇരുലോകങ്ങളിലും ചൊരിയപ്പെടുമാറാകട്ടെ.
സൈന്യങ്ങളുടെ കർത്താവായ ദൈവമേ! നീ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. ആകാശവും ഭൂമിയും നിന്റെ സ്തുതികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഉയരങ്ങളിൽ ഓശാന!
കർത്താവിന്റെ തിരുനാമത്തിൽ വന്നവനും വരുവാനിരിക്കുന്നവനുമായവൻ വാഴ്ത്തപ്പെട്ടവനാകുന്നു. ഉയരങ്ങളിൽ ഓശാന!
ദൈവമേ! നീ പരിശുദ്ധനാകുന്നു.
ബലവാനേ! നീ പരിശുദ്ധനാകുന്നു.
മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു.
† ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനേ! ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ഞങ്ങളുടെ കർത്താവേ! ഞങ്ങളോട് കരുണ ചെയ്യണമേ.
ഞങ്ങളുടെ കർത്താവേ! കൃപയുണ്ടായി ഞങ്ങളോട് കരുണ ചെയ്യണമേ.
ഞങ്ങളുടെ കർത്താവേ! പ്രാർത്ഥന കൈക്കൊണ്ട് ഞങ്ങളോട് കരുണ ചെയ്യണമേ. നിനക്ക് സ്തുതി, ഞങ്ങളുടെ കർത്താവേ! നിനക്ക് സ്തുതി, എന്നേക്കും ഞങ്ങളുടെ ശരണമേ! ബാറെക്മോർ.
വിശ്വാസപ്രമാണം
സർവ്വശക്തിയുള്ള പിതാവായി, ആകാശത്തിന്റെയും ഭൂമിയുടെയും, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റെയും സ്രഷ്ടാവായ സത്യമുള്ള ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.
ദൈവത്തിന്റെ ഏകപുത്രനും, എല്ലാ ലോകങ്ങൾക്കും മുൻപായി പിതാവിൽ നിന്ന് ജനിച്ചവനും, പ്രകാശത്തിൽ നിന്നുള്ള പ്രകാശവും, സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും, തത്വത്തിൽ പിതാവിനോട് ഒന്നായിരിക്കുന്നവനും, സകലവും തന്നാൽ നിർമ്മിതമായവനുമായ യേശുക്രിസ്തുവായ ഏക കർത്താവിലും ഞങ്ങൾ വിശ്വസിക്കുന്നു.
മനുഷ്യരായ നമുക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി, † വിശുദ്ധ റൂഹായാൽ ദൈവമാതാവായ കന്യക മറിയാമിൽ നിന്ന് ശരീരിയായിത്തീർന്ന് മനുഷ്യനായി പിറന്ന്,
പൊന്തിയോസ് പീലാത്തോസിന്റെ ദിവസങ്ങളിൽ നമുക്ക് വേണ്ടി ക്രൂശിക്കപ്പെട്ട്, കഷ്ടത അനുഭവിച്ച് മരിച്ച് അടക്കപ്പെട്ട്,
മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ്, സ്വർഗ്ഗത്തിലേക്ക് കരേറി തൻ്റെ പിതാവിന്റെ വലത്തുഭാഗത്ത് ഇരുന്നവനും, ജീവനുള്ളവരെയും മരിച്ചവരെയും വിധിപ്പാൻ തന്റെ വലിയ പ്രഭാവത്തോടെ വീണ്ടും വരുവാനിരിക്കുന്നവനും, തന്റെ രാജ്യത്തിന് അവസാനമില്ലാത്തവനുമായ ഏക കർത്താവിലും ഞങ്ങൾ വിശ്വസിക്കുന്നു.
പിതാവിൽ നിന്ന് പുറപ്പെട്ട്, പിതാവിനോടും പുത്രനോടും ഒപ്പം ആരാധിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും, പ്രവാചകന്മാരും അപ്പോസ്തലന്മാരും മുഖേന സംസാരിച്ചവനുമായ, ജീവനും നൽകുന്ന ഏക പരിശുദ്ധ റൂഹായിലും ഞങ്ങൾ വിശ്വസിക്കുന്നു.
കൂടാതെ കാതോലികവും അപ്പോസ്തലികവുമായ ഏക വിശുദ്ധ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസ ഞങ്ങൾ ഏറ്റുപറഞ്ഞ്, മരിച്ചവരുടെ ഉയിർത്തെഴുന്നേല്പിനും വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി ഞങ്ങൾ നോക്കിപ്പാർക്കുന്നു. ആമേൻ.